03:57am 04 October 2026
NEWS
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു; ഭൂരിപക്ഷം നഷ്ടമായി
03/10/2026  02:03 PM IST
nila
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു; ഭൂരിപക്ഷം നഷ്ടമായി

 

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിക്കുന്ന ശ്രീലേഖ സെപ്റ്റംബർ 30ന് രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറി. സ്വകാര്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

എന്നാൽ മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മത്സരിപ്പിച്ചതെന്ന് ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിരുന്നു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി അവർ പല ഘട്ടങ്ങളിലും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 അംഗങ്ങളുടെ പിന്തുണയായിരുന്നു എൻഡിഎയ്ക്കുണ്ടായിരുന്നത്. ശ്രീലേഖ രാജിവെച്ചതോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി.

ഇതോടെ ആകെ നിലവിലുള്ള അംഗബലം 100 ആയി ചുരുങ്ങുകയും ബിജെപിയുടെ അംഗസംഖ്യ 49 ആകുകയും ചെയ്തു. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരാൾ നിലവിൽ ജയിലിലാണ്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബിജെപിക്ക് ശ്രീലേഖയുടെ രാജി ഭരണപരമായി നിർണായക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img